
രണ്ട് ചോദ്യങ്ങളാണ് മലയാള സിനിമാ ലോകത്ത് ഉയരുന്നത്. ആരാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ ആ പ്രമുഖ നടൻ? എന്താണ് ആ നടൻ ചെയ്ത തെറ്റ്? പ്രിൻസ് ആൻഡ് ഫാമിലി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പ്രസ്താവന മലയാള സിനിമ വ്യവസായത്തിലും പ്രേക്ഷകർക്കിടയിലും വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയിരിക്കുന്നത്. പ്രമുഖ നടൻ വലിയൊരു തെറ്റിന് തിരി കൊളുത്തിയെന്നായിരുന്നു പ്രസ്താവന. ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നും ലിസ്റ്റിൻ പറഞ്ഞതോടെ ആരാണ് ആ നടനെന്ന ചോദ്യം ഉയർന്നു. എന്നാൽ, ഇത് സംബന്ധിച്ച് ഇനിയും ലിസ്റ്റിൻ വ്യക്തത വരുത്തിയിട്ടില്ല.
'മലയാള സിനിമയിലെ ഒരു ഒരു പ്രമുഖ നടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാലപ്പടക്കത്തിനാണ് ഇന്ന് തിരി കൊളുത്തിയിരിക്കുന്നത്. അത് വേണ്ടായിരുന്നു. ആ നടൻ ചെയ്തത് വലിയ തെറ്റാണ്. ഇനി ആ തെറ്റ് ആവർത്തിക്കരുത്. അങ്ങനെ ചെയ്താൽ വലിയ പ്രശ്നങ്ങൾക്കും കാരണമാകും,' എന്നാണ് ലിസ്റ്റിൻ പറഞ്ഞത്. നടൻ്റെ പേരോ, ചെയ്‌ത തെറ്റ് എന്താണെന്നോ പറയാതെയായിരുന്നു ലിസ്റ്റിന്റെ മുന്നറിയിപ്പ്.











